പല യാത്രാ വിവരനങ്ങളിലൂടെയും പരിചയിച്ച ട്രെക്കിംഗ് മനസ്സില്‍ ഒരു ആഗ്രഹമായി കടന്നു കൂടിയിട്ടു കുറെ നാളായി. പക്ഷെ എവിടെ ട്രെക്ക് ചെയ്യണം എന്നറിയില്ലായിരുന്നു. വളരെ അടുത്താണ് അനങ്ങന്‍ മല ഇക്കോ ടൂറിസം പദ്ധതിയെ പറ്റി അറിഞ്ഞത്. പാലക്കാട് ജില്ലയിലെ കിഴൂര്‍ ഗ്രാമത്തില്‍ ആണ് അനങ്ങന്‍ മല സ്ഥിതി ചെയ്യുന്നത്. വളരെ അടുത്ത സമയത്താണ് ടൂറിസം വകുപ്പ് ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസിലാക്കുകയും ഒരു ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുകയും ചെയ്തത്. ഇപ്പോള്‍ ദിവസേന നൂറു കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ പ്രദേശത്തിന് കഴിയുന്നുണ്ട്.
പാലക്കാട് ജില്ലയിലെ ചെര്‍പ്ലശ്ശേരി അടുത്തുള്ള കിഴൂര്‍ എന്ന ഗ്രാമത്തിലാണ് അനങ്ങന്‍ മല . ചെര്‍പ്ലശേരിയില്‍ നിന്നും ഒറ്റപ്പാലം പോകുന്ന വഴിയില്‍ കിഴൂര്‍ വന്നു അമ്പലപ്പാറ പോകുന്ന വഴിയില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഇങ്ങോട്ടേക്കു. സാഹസികത ഇഷ്ടപെടുന്നവര്‍ക്കായി ഒരു മലകയറ്റവും, ചെറിയ ഒരു അരുവിയും അതില്‍ പല തട്ടുകളായി ഒഴുകുന്ന ഒരു ചെറിയ വെള്ളച്ചാട്ടവും ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വനം വകുപ്പിന്റെ കീഴിലാണ് ഈ ടൂറിസം പദ്ധതി നടക്കുന്നത്. ഈ പദ്ധതി തുടങ്ങിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇപ്പോഴും പദ്ധതി പൂര്‍ത്തിയായിട്ടില്ല.
ഒരു ഞായറാഴ്ച കാലത്ത് 11 മണിയോടെ ഞങ്ങള്‍ പുറപ്പെട്ടു. ഏകദേശം 12 മണിയോടെ മലയുടെ ചുവട്ടില്‍ എത്തി. ഒരു ചെറിയ ഓഫീസ് കെട്ടിടം ഉണ്ട് അവിടെ. ടിക്കറ്റ് എടുത്തു ഞങ്ങള്‍ മലകയറ്റം തുടങ്ങി. ആദ്യത്തെ നാനൂറു മീറ്റര്‍ കയറ്റം വളരെ എളുപ്പമാണ്. പടികെട്ടുകള്‍ മാത്രമല്ല ഇരുമ്പു വേലികളും ചങ്ങലകളും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. അതിനു ശേഷമാണു ശരിയായ ട്രെക്കിംഗ്. ഞങ്ങള്‍ പോയത് നല്ല മഴക്കാലതായിരുന്നു എന്നുള്ളത് കൊണ്ട് അപകട സാധ്യത വളരെ അധികമായിരുന്നു. നല്ല വഴുക്കലുള്ള പാറകളിലൂടെ കുത്തനെ ഉള്ള കയറ്റം ശരിക്കും ദുഷ്കരമായിരുന്നു. ചില സ്ഥലങ്ങളില്‍ ശരിക്കും ഭയന്നും കഷ്ടപെട്ടും തന്നെയാണ് കയറിയത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴയും കയറ്റം കൂടുതല്‍ ദുഷ്കരമാക്കി. ഇടയ്ക്കിടെ ഇരുന്നു വിശ്രമിക്കേണ്ടി വന്നു ഞങ്ങള്‍ക്ക്. ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഞങ്ങള്‍ക്ക് മല കയറാന്‍ സാധിച്ചത്.
മുകളില്‍ കയറി ചുറ്റോടു ചുറ്റുമുള്ള കാഴ്ചകള്‍ അതി മനോഹരമാണ്. കിലോമീറ്റര്‍ കണക്കില്‍ കാണാന്‍ സാധിക്കുന്ന പാലക്കാടന്‍ ഗ്രാമ്യ ഭംഗി അവര്‍ണനീയമാണ്.
മല കയറുമ്പോള്‍ തന്നെ ഇടയ്ക്കു ചില നീര്‍ച്ചാലുകള്‍ കാണാം. നല്ല മഴക്കാലത്ത് മാത്രമേ ഈ നീര്‍ച്ചാലുകള്‍ കാണാന്‍ സാധിക്കൂ. ചെറുതാണ് എങ്കിലും അതിമനോഹരമാണ് ഈ നീര്‍ച്ചാലുകള്‍.
കുറച്ചു നേരം മുകളില്‍ വിശ്രമിച്ചു ഞങ്ങള്‍ തിരിച്ചിറങ്ങി. കയറുന്നതിനേക്കാള്‍ ദുഷ്കരമാണ് ഇറക്കം. എല്ലാ ഈശ്വരന്മാരെയും വിളിച്ചു പോകും.
തിരിച്ചു പോരുമ്പോഴും ഒരു നല്ല ദിവസം മനസ്സില്‍ പച്ച പിടിച്ചു നില്പുണ്ടായിരുന്നു.( കൈയില്‍ ഉള്ള ഒരു മൊബൈല്‍ ഫോണില്‍ ആണ് ചിത്രങ്ങള്‍ എടുത്തത്. നന്നായിട്ടില്ല എന്നറിയാം. പോരെങ്കില്‍ ചാര്‍ജും തീര്‍ന്നു. അതുകൊണ്ട് കൂടുതല്‍ ചിത്രങ്ങള്‍ ഇല്ല. )