Friday, 28 October 2011

നെല്ലിയാമ്പതി - ഭാഗം-1

പാലക്കാടു നിന്നും ഏകദേശം അമ്പത്തിരണ്ടു കിലോമീറ്റര്‍ അകലെയാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി. വളരെ കാലമായുള്ള ആഗ്രഹമായിരുന്നു ഇവിടം സന്ദര്‍ശിക്കണം എന്നത്.പുലര്‍കാല പാലക്കാടന്‍ ഗ്രാമ്യ ഭംഗി ആസ്വദിച്ചുകൊണ്ട്‌ അതിരാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.

പാലക്കാടന്‍ പുലര്‍കാല ഗ്രാമ്യ ഭംഗി
 ആദ്യം പോത്തുണ്ടി ഡാമാണ് കാണാന്‍ ഉദ്ദേശിക്കുന്നത്. നെല്ലിയാമ്പതിയുടെ കവാടം തന്നെയാണ് പോത്തുണ്ടി ഡാം. ഏഷ്യയിലെ തന്നെ രണ്ടാമത്തെ എര്‍ത്ത് ഡാമാണ് പോത്തുണ്ടിയിലേതു. സിമെന്റ് ഉപയോഗിക്കാതെ ആണ് ഈ ഡാം നിര്‍മിച്ചിരിക്കുന്നത്.ചിറ്റൂര്‍ താലൂക്കിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഈ ഡാമിലെ ജലമാണ് ഉപയോഗിക്കുന്നത്. ആയിരത്തി അറുനൂറ്റി അമ്പതു മീറ്റര്‍ നീളവും മുപ്പത്തിയാറ് മീറ്റര്‍ ആഴവുമുള്ള ഈ ഡാം പത്തൊന്‍പതാം നൂറ്റാണ്ടിലാണ് നിര്മിക്കപെട്ടത്‌.

മൂന്നു വശവും നെല്ലിയാമ്പതി മലനിരകള്‍ കാവല്‍ നില്‍ക്കുന്ന മനോഹരമായ ഡാമാണ് പോത്തുണ്ടി ഡാം. രാവിലെ എട്ടു മണി മുതലാണ്‌ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്. ഒരു ഉദ്യാനവും കുട്ടികള്‍ക്കായുള്ള വിനോദോപാധികളും ചെറിയൊരു പൈന്‍മരക്കാടും ഡാമില്‍ നിന്നുള്ള മലനിരകളുടെ വിദൂര ദ്രിശ്യങ്ങളും എല്ലാം ചേര്‍ന്ന് നല്ല ഒരു ദ്രിശ്യ വിരുന്നു തന്നെ ആണ് പോത്തുണ്ടിയിലേതു. ഇപ്പോള്‍ ദിവസേന നൂറു കണക്കിന് സഞ്ചാരികളെ ആകഷിക്കാന്‍ 
ഈ ഡാമിന് കഴിയുന്നുണ്ട്.  നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നവരില്‍ ഏറിയ പങ്കും പോത്തുണ്ടി കൂടി സന്ദര്‍ശിക്കുന്നു.

പോത്തുണ്ടി ഉദ്യാനത്തില്‍ നിന്നുള്ള മനോഹര ദൃശ്യം
മനോഹരമായ ശില്‍പ്പങ്ങള്‍ കൊണ്ട് സമ്പന്നമാണ് പോത്തുണ്ടി ഉദ്യാനം. ജീവസുറ്റ ഈ പ്രതിമകള്‍ ഈ ഉദ്യാനം കൂടുതല്‍ മനോഹരമാക്കുന്നു.
  


 ഒരു ജലധാരയും ചെറിയൊരു പൈന്‍മരക്കാടും ഉദ്യാനത്തിന്റെ മാറ്റ് കൂട്ടുന്നു. കുട്ടികള്‍ക്കായി സീസോ, ഊഞ്ഞാലുകള്‍ മുതലായവ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൈന്‍ മരക്കാടുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന ആകാശ മേഘങ്ങള്‍ക്കിടയില്‍ ഗജരാജ പ്രൌഡിയോടെ  തലയുയര്‍ത്തി നില്‍ക്കുന്ന നെല്ലിയാമ്പതി മലനിരകളുടെ അനുപമ സൌന്ദര്യം അവര്‍ണനീയമാണ്.

കുറച്ചു നേരം ഉദ്യാനത്തില്‍ ചെലവഴിച്ച ശേഷം ഞങ്ങള്‍ ഡാമിന് മുകളിലേക്ക് കയറി. ഡാമില്‍ നിന്നുള്ള വിദൂര കാഴ്ചകളെല്ലാം അതി മനോഹരമാണ്.ഡാമിന് മൂന്നു വശവും പ്രകൃതി സൌന്ദര്യം ആവോളം ഉള്ളിലൊളിപ്പിച്ച നെല്ലിയാമ്പതി മലനിരകള്‍.

മറ്റേതൊരു ഡാമിനോടും കിടപിടിക്കുന്ന സൌന്ദര്യം ഇവിടുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. വിനോദസഞാര മേഖല ഓരോ ദിവസവും പുഷ്ടി പ്രാപിക്കുന്ന കേരളത്തില്‍ ബന്ധപെട്ട അധികാരികളുടെ അനാസ്ഥക്കും ദീര്‍ഘവീക്ഷണം ഇല്ലായ്മക്കും ഉത്തമോദാഹരണമാണ് പോത്തുണ്ടി ഡാം. ഓരോ സഞാരിയില്‍ നിന്നും പത്തു രൂപ വാങ്ങി ആണ് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ പൈസ ഈ ഡാമിന്റെയും ഉദ്യാനത്തിന്റെയും നവീകരണത്തിനായി ഉപയോഗിച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു.
ഉദ്യാനത്തിന്റെ പല ഭാഗങ്ങളും കാട് പിടിച്ചു കിടക്കുകയാണ്. കുട്ടികള്‍ക്കായിട്ടുള്ള  പല വിനോദോപാധികളും ഉപയോഗ ശൂന്യമാണ്. അതിമനോഹരവും ജീവസ്സുറ്റതും ആയ പല ശില്‍പ്പങ്ങളും കാട് കയറി ദ്രിശ്യമല്ലാതായിരിക്കുന്നു. മൂന്ന് വശവും മലകളും വന പ്രദേശവും മാത്രമുള്ള ഈ ഡാമില്‍ ബോട്ടിംഗ് മുതലായ വിനോദോപാധികള്‍ ലഭ്യമല്ല.
ഇതെല്ലം ആണെങ്കിലും അനുപമമായ ദ്രിശ്യ ഭംഗി കൊണ്ട് സമ്പന്നമായ ഈ ഡാം നമ്മെ നിരാശപെടുതുന്നില്ല.

ഇനി യാത്ര തുടരുകയാണ്. ഏകദേശം പത്തര മണിയോടെ ഞങ്ങള്‍ പോതുണ്ടിയോടു വിടപറഞ്ഞു. അടുത്ത ലക്‌ഷ്യം നെല്ലിയാമ്പതി ആണ്. പോത്തുണ്ടി ഡാമില്‍ നിന്ന് ചുരം ആരംഭിക്കുകയായി. കുറച്ചു ചെന്നാല്‍ ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വക ചെക്ക്‌ പോസ്റ്റ്‌ ഉണ്ട്. നിര്‍ഭാഗ്യം എന്ന് പറയട്ടെ ഒരു തരത്തിലുള്ള ചെക്കിങ്ങും അവിടെ നടക്കുന്നില്ല. (മദ്യം കൊണ്ടുപോകരുത് എന്ന് ബോര്‍ഡ്‌ കണ്ടു അവിടെ.)ചുരം വഴിയുള്ള യാത്ര മുഴുവനും പ്രകൃതി അവര്‍ണനീയമായ  സൌന്ദര്യം കോരി ചൊരിഞ്ഞിരിക്കുന്നു.


ചില വ്യൂ പൊയന്റുകളില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ വിദൂര കാഴ്ചകള്‍ മനോഹരമാണ്.

ചുരത്തില്‍ ഒരിടത്തു ധാരാളം കുരങ്ങന്മാരെ കാണാം. ഒട്ടു മിക്ക യാത്രികരും ഇവടെ അല്‍പ സമയം ചിലവഴിക്കുന്നു. വലിയ ഭയം ഇല്ലാതെ തന്നെ ഇവ യാത്രികര്‍ക്കടുത്തു വന്നു ഭക്ഷണം വാങ്ങുന്നു.

ഞങ്ങളും കുറച്ചു സമയം ഇവിടെ ചിലവഴിച്ചു. മനോഹരമായ പച്ചപുതച്ച മലനിരകളും ചെറിയ വനങ്ങളും തൂക്കിയിട്ട വെള്ളി പാദസരങ്ങള്‍ പോലെയുള്ള ചെറിയ നീര്‍ച്ചാലുകളും മുകളിലേക്ക് കയറും തോറും കൂടി വരുന്ന കോടമഞ്ഞും എല്ലാം ചേര്‍ന്ന് തികച്ചും ആസ്വാദ്യമായി ഈ യാത്ര. ഉള്ളിലെക്കിറങ്ങുന്ന തണുപ്പും മഞ്ഞും വിസ്മയകരമായ പ്രകൃതി ദ്രിശ്യങ്ങളും യാത്ര കൂടുതല്‍ അവിസ്മരനീയമാകുന്നു. ചില വ്യൂ പൊയന്റുകളില്‍ നിന്നുള്ള  വിദൂര കാഴ്ചകള്‍  നമ്മെ തികച്ചും വിസ്മയിപ്പിക്കും. ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഞങ്ങള്‍ നെല്ലിയാംപതിയില്‍ എത്തിയത്.

നെല്ലിയാമ്പതിയില്‍ പ്രധാനമായും കാണേണ്ടവ സീതാര്‍കുണ്ട് വെള്ളച്ചാട്ടം, കാരശൂരി, മിന്നാംപാറ, കേശവന്‍ പാറ, മാന്‍പാറ എന്നീ ട്രെക്കിംഗ് പൊയന്റുകള്‍, പോബ്സണ്‍ എസ്റ്റേറ്റ്‌ വകയുള്ള ഓറഞ്ച് തോട്ടം എന്നിവയാണ്. നിര്‍ഭാഗ്യവശാല്‍ മാന്‍പാറ ഇപ്പൊ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നില്ല. പോയത് ഞായര്‍ ആയതിനാല്‍ പോബ്സണ്‍ എസ്റ്റേറ്റ്‌ വകയുള്ള ഓറഞ്ച് തോട്ടം  ഞങ്ങള്‍ക്ക് കാണാനായില്ല.

ഞങ്ങള്‍ ഏകദേശം ഉച്ചയോടെ നെല്ലിയാമ്പതിയില്‍ എത്തി. അവിടെ ITL RESORT നടത്തുന്ന ഒരു റിസോര്‍ട്ട്, അവരുടെ തന്നെ ചില ഡോര്മിട്ടെരികള്‍ എന്നിവയും ചുരുക്കം ചില കടകളും മാത്രമേ ഉള്ളൂ. ഉച്ചഭക്ഷണം പറഞ്ഞു ബുക്ക്‌ ചെയ്തിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്ന്. അടുത്തത് സീതാര്‍കുണ്ട് വെള്ളച്ചാട്ടമാണ് ലക്‌ഷ്യം. നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ കൂടി മുന്‍പോട്ടു പോയാല്‍ പോബ്സണ്‍ എസ്റ്റേറ്റ്‌ വകയായുള്ള ഒരു കവാടത്തില്‍ എത്താം. അവിടെ അവരുടെ വക ഒരു കോഫീ ഹൌസ്, ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കട എന്നിവ ഉണ്ട്. നെല്ലിയാമ്പതിയില്‍ നിന്ന് സീതാര്‍കുണ്ട് വരെ ഉള്ള അഞ്ചു കിലോമീറ്റര്‍ യാത്ര അവിസ്മരണീയമാണ്. ഇരുവശവും ചായ തോട്ടങ്ങള്‍ ആയ മലനിരകള്‍ക്കിടയിലൂടെ കോടമഞ്ഞിന്റെയും അരിച്ചു കയറുന്ന തണുപ്പിന്റെയും അകമ്പടിയോടെ ഉള്ള യാത്ര വളരെ രസകരവും ആസ്വാദ്യവും ആണ്. കൊടൈക്കനാല്‍, മൂന്നാര്‍ മുതലായ സ്ഥലങ്ങളെ വെല്ലുവിളിക്കാനുള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് നമുക്ക് പെട്ടെന്ന് തന്നെ ബോധ്യമാവും. 
ഞങ്ങള്‍  ഏകദേശം അര മണിക്കൂര്‍ കൊണ്ട് എസ്റ്റേറ്റ്‌ കവാടത്തില്‍ എത്തി. വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. ഇവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റര്‍ നടക്കണം വെള്ളച്ചാട്ടത്തിലേക്ക്. ഇവിടെ നിന്നും വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന പാത ഒരു ഒറ്റയടിപ്പാത മാത്രമാണ്. പോകുമ്പോള്‍ നിറയെ കാഴ്ചകളുടെ പൂരം തന്നെയാണ്. ഏകദേശം നാലായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ നിന്നുള്ള സമതലക്കാഴ്ചകള്‍ വിഭ്രമിപ്പിക്കുന്നതാണ്.നെല്ലിയാമ്പതിയിലെ നെല്ലിമരം. (ഈ മരമാണ് നെറ്റില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ ആദ്യം കിട്ടുന്നത്)
എങ്കിലും യാതികരുടെ സുരക്ഷിതത്വത്തിന് ഒന്നും ഇവിടെ ചെയ്തിട്ടില്ല. ഒരു ബാരിക്കേട്‌ പോലും ഒരിടത്തും കാണാനില്ല. വീണ്ടും "ബന്ധപെട്ട അധികാരികളുടെ അനാസ്ഥ" എന്നല്ലാതെ എന്ത് പറയാന്‍.