Saturday 7 May 2011

കൊല്ലൂര്‍ മൂകാംബിക

ഒരു യാത്ര ബ്ലോഗ്‌ തുടങ്ങുമ്പോള്‍ ആദ്യ വിവരണം അക്ഷര ദേവതയെ കുറിച്ച് തന്നെ ആവാം എന്ന് വിചാരിച്ചിരുന്നു. കഴിഞ്ഞ മാസം സകുടുംബം മൂകാംബിക യാത്ര പോയിരുന്നു. രാവിലെ 7 . 30 നു കൊല്ലൂര്‍ അടുത്തുള്ള മൂകാംബിക റോഡ്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ബൈന്തൂര്‍‍ എന്നും ഈ സ്റ്റേഷന്‍ അറിയപെടുന്നു. അവിടെ നിന്നും ഒരു ഓട്ടോ പിടിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ എത്തി. രാവിലെ എട്ടു മണി മുതല്‍ ബൈന്തൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും അര മണിക്കൂര്‍ ഇടവിട്ട് കൊല്ലുര്‍ക്ക് ബസ്‌ ഉണ്ട്. ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് കൊല്ലൂര്‍ എത്താം.

മൂകാംബിക വന്യ മൃഗ സങ്കേതത്തിലൂടെ ആണ് ബസ്‌ കുറച്ചു ദൂരം സഞ്ചരിക്കുന്നത്.  എന്നാലും കാടിന്റെ വന്യ ഭംഗി പലയിടത്തും കാണാനില്ല. എന്ന് മാത്രമല്ല നിബിഡ വനങ്ങള്‍ ഒരിടത്തും കാണാനുമില്ല.

രാവിലെ ഞങ്ങള്‍ ഏകദേശം ഒമ്പത് മണിയോടെ കൊല്ലൂര്‍ എത്തി. അവിടെ മുറി എടുത്തു. തിരക്കുള്ള സമയത്താണെങ്കില്‍ വാടക കൂടുതലാവും. കഴിയുന്നതും മുറി ബുക്ക്‌ ചെയ്തു പോയാല്‍ നല്ലത്.ഏകദേശം പതിനൊന്നു മണിയോടെ ഞങ്ങള്‍ അമ്പലത്തിലെത്തി. നല്ല തിരക്കുണ്ടായിരുന്നു. തൊഴുതു വലം വച്ച് ഞങ്ങള്‍ വെളിയില്‍ വന്നു. വളരെ കൌതുകമാര്‍ന്ന ഒരു കാഴ്ച കണ്ടു. ഒരു ആന അവിടെ നില്‍പ്പുണ്ടായിരുന്നു. ഒരു പൂ മാലയെല്ലാം നെറ്റിയില്‍ ചാര്‍ത്തി നില്‍ക്കുന്ന ഒരു കുട്ടിയാന. മൊത്തമായും ചില്ലറയായും അനുഗ്രഹം വില്പനയാണ് പണി. പൈസയോ പഴമോ എന്തായാലും കൊടുത്താല്‍ അനുഗ്രഹം കിട്ടും. പൈസ പാപ്പാന്. പഴം ആനക്ക്. എന്ത് കൊടുത്താലും തന്റെ തുമ്പി കൊണ്ട് കൊടുത്ത ആളിന്റെ തലയില്‍ പതുക്കെ ഒന്നമര്‍ത്തും. രസകരമായ ആ കാഴ്ച കുറച്ചു നേരം കണ്ടുകൊണ്ടിരുന്നു. മറ്റൊരു കാഴ്ചയും അവിടെ കണ്ടു. ദേവിയുടെ പൂജക്കായി ഭക്തര്‍ കൊണ്ടുവരുന്ന പട്ടു സാരികള്‍ അവിടെ ലേലം ചെയ്യുന്നുണ്ടായിരുന്നു. വളരെ വിലക്കുറവില്‍ തന്നെ പട്ടു സാരികള്‍‍ ലേലത്തില്‍ അവിടെ എടുക്കാന്‍ കഴിയും.


അടുത്തുള്ള അഡിഗ വെജ് ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചു. അടുത്ത യാത്ര കുടജാദ്രിയാണ്. കൊല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം ഒന്നര മണിക്കൂര്‍ ജീപ് യാത്ര ഉണ്ട് കുടജാദ്രിക്കു. ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ നടന്നും കൊല്ലൂര്‍ നിന്ന് കുടജാദ്രി പോകാം. സമയ കുറവ് മൂലം ഞങ്ങള്‍ ജീപ്പില്‍ പോകാം എന്ന് തീരുമാനിച്ചു. ഒരാള്‍ക്ക് ഏകദേശം ഇരുനൂറു രൂപയാകും ചാര്‍ജ്.  ആദ്യമായി പോകുന്ന ഏതൊരാള്‍ക്കും അധികമാണ് ചാര്‍ജ് എന്ന് തോന്നും. പക്ഷെ ദുര്‍ഘടമായ പാതയിലൂടെ ഉള്ള യാത്ര ഒരേ സമയം രസകരവും അപകടകരവും ആണ് എന്ന് തോന്നി. വളഞ്ഞു പുളഞ്ഞു പോകുന്ന മണ്‍ റോഡില്‍ കൂടെ ഉള്ള യാത്ര മറ്റു സാധാരണ വാഹനങ്ങള്‍ക്ക് അസാധ്യം എന്ന് തന്നെ പറയാം.




 ഞങ്ങള്‍ പോകുമ്പോള്‍ ഒരു ഇന്‍ഡിക്ക കാറില്‍ ഒരാള്‍ പോകുന്നതു കണ്ടു. രണ്ടു ബൈക്കില്‍ ആയി നാലു ചെറുപ്പക്കാര്‍ മല കയറുന്നതും കണ്ടു എങ്കിലും കുറച്ചു കഴിഞ്ഞു ഒരു വളവില്‍ മറിഞ്ഞു കിടക്കുന്ന ബൈക്കും പരിക്കുകളോടെ ചെറുപ്പക്കാരെയും കാണാന്‍ കഴിഞ്ഞു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞു കുടജാദ്രി എത്തി. ശ്രീ ശങ്കരാചാര്യര്‍ തപമിരുന്ന പുണ്യ സ്ഥലം. അവിടെ ഒരു ചെറിയ അമ്പലവും ഉണ്ട്. അവിടെ തൊട്ടടുത്ത്‌ തന്നെ ആണ് അവിടുത്തെ പൂജാരി അടിഗയുടെ വാസസ്ഥലം.
ശെരിക്കും അത്ഭുതം തോന്നി അവരുടെ അവസ്ഥ കണ്ടപ്പോള്‍. ചുറ്റിലും ഒരു മനുഷ്യ ജീവന്‍ പോലുമില്ലാതെ വര്‍ഷങ്ങള്‍ താമസിക്കുക.  ചെല്ലുന്ന ഭക്തജനങ്ങള്‍ക്ക് വേണമെങ്ങില്‍ ഈ അടിഗയുടെ വീട്ടില്‍ താമസിക്കാം. രണ്ടു നേരത്തെ ഭക്ഷണവും താമസവുമായി ഒരാള്‍ക്ക് മുന്നൂറി അമ്പതു രൂപ അവര്‍ ഈടാക്കുന്നു. അതിരാവിലെയും സന്ധ്യാ സമയത്തെയും കുടജാദ്രി കാഴ്ചകള്‍ കാണാന്‍ അത് തന്നെ ആണ് നല്ല വഴി. ഞങ്ങള്‍ കുടജാദ്രി എത്തുമ്പോള്‍ ഏകദേശം മൂന്നു മണി കഴിഞ്ഞിരുന്നു. അമ്പലത്തില്‍ വണങ്ങി  ഞങ്ങള്‍ ചിത്രമൂല യാത്ര തുടങ്ങി. ആദ്യമായി യാത്ര ചെയ്യുന്ന ആര്‍ക്കും അല്പം ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ആറ് വയസുകാരി എന്റെ മോള്‍ പോലും വളരെ  എളുപ്പത്തില്‍ കയറി. മൂന്നു മണി നേരത്തെ പൊള്ളുന്ന വെയിലില്‍ കുടജാദ്രി മലനിരകളുടെ കാഴ്ച അത്ര ഭംഗിയില്ല എന്ന് പറയേണ്ടി വരും, എങ്കിലും ഒരു പ്രകൃതി സ്നേഹിയെ സംബന്ധിച്ചടത്തോളം കുടജാദ്രി മലനിരകള്‍ നല്‍കുന്ന നയന സുഖം വലുതാണ്.


ഏകദേശം ഒരു മണിക്കൂര്‍ കൊണ്ട് ചിത്ര മൂല എത്താം. പോകുന്ന വഴിയിലെ ഒരു ഗുഹ എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.

 ശങ്കരാചാര്യര്‍ ഇരുന്നു ധ്യാനം നടത്തി എന്ന് വിശ്വസിക്കപെടുന്ന ഒരു ചെറിയ ഗുഹയിലും ഒരു പൂജാരി ഇരിക്കുന്നുണ്ട്‌. അവിടെ നിന്നും താഴേക്ക്‌ കാട്ടില്‍ കൂടെ ഒരു വഴി കാണാം. അതിലൂടെ കുറച്ചു ദൂരം നടക്കുന്നത് അപകടകരവും ഒപ്പം രസകരവുമാണ്‌. ഈ ഗുഹയില്‍ മന്ത്രിച്ച ചരടുകള്‍ വില്‍ക്കുന്നു. പത്തു രൂപ ആണ് വില. വാങ്ങുന്ന ആളുടെ ഇഷ്ടത്തിന് കളര്‍ സെലക്ട്‌ ചെയ്തു വില്‍ക്കുന്ന ആ പൂജാരി കമ്പോളവല്ക്കരണത്തിന്റെ അധിനിവേശത്തിന്റെ ഉത്തമോദാഹരണമായി തോന്നി.ചിത്ര മൂലയിലെ വിദൂര  ദ്രിശ്യങ്ങള്‍ മനോഹരമാണ്. ഭക്തിയുടെ നിറവോ സാന്നിധ്യമോ ഒന്നും അവിടെ എവിടെയും കാണാനില്ല എങ്കിലും മനോഹരമായ കുടജാദ്രി മലനിരകളുടെ പ്രകൃതി ഭംഗി ഒന്ന് വേറെ തന്നെ.

രണ്ടു മണിക്കൂര്‍ ആണ് ഞങ്ങള്‍ക്ക് ജീപ്പ് ഡ്രൈവര്‍ അനുവദിച്ചത്. ഏകദേശം അഞ്ചു മണിയോടെ ഞങ്ങള്‍ തിരിച്ചു കുടജദ്രിയിലെത്തി. അവിടെ നിന്നും വീണ്ടും ഒന്നര മണിക്കൂര്‍ യാത്രയോടെ തിരിച്ചു കൊല്ലൂര്‍ എത്തി. വഴിയില്‍ ഉടനീളം നോക്കി എങ്കിലും ഒരു കുരങ്ങനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇനി ഒരിക്കല്‍ വീണ്ടും കുടജാദ്രി മലകളിലൂടെ നടന്നു കയറണം എന്ന തീരുമാനത്തോടെ ആണ് ഞങ്ങള്‍ തിരികെ പോന്നത്.
പിന്നീടു ഞങ്ങള്‍ പോയത് സൌപര്‍ണിക നദിയിലെക്കായിരുന്നു. ഒഴുക്കില്ലാത്ത ഒരു കുളം മാതിരി ഉള്ള അവസ്ഥ ആയിരുന്നു അന്ന്. എന്തെയാലും തിരിച്ചു പോരുമ്പോള്‍ മഴക്കാലത്ത്‌ ഒരു തവണ കൊല്ലൂര്‍ സന്ദര്‍ശനം വേണം എന്ന് തീരുമാനം എടുത്തിരുന്നു.

11 comments:

  1. അക്ഷരദേവതയായ അമ്മയുടെ പോസ്റ്റോടെയുള്ള ഈ തുടക്കം ഒരു വെടിക്കെട്ടിന്റെ ആരംഭം തന്നെയാണെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ ? പോരാട്ടെ ഒന്നൊന്നായി ഇനിയുള്ള യാത്രാവിവരണങ്ങൾ.

    കൊല്ലൂര് പോയിട്ടുണ്ട്. കുടജാദ്രിക്ക് പോകാൻ സമയമായിട്ടില്ലെന്ന് അമ്മ പറയുന്നു.

    ആദ്യത്തെ പാരഗ്രാഫിൽ പറയുന്ന മനോജ് രവീന്ദ്രൻ ആരാണാവോ ? :) :):)

    ReplyDelete
  2. അമ്മ. !!!

    ഒരു ബ്ലോഗ്‌ എഴുതണം എന്ന മോഹം തുടങ്ങിയത് എന്നാണ് എന്നറിയില്ല. ബ്ലോഗ്‌ എന്ന സങ്കേതം പരിചയപെട്ടിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ശ്രീമാന്‍ ബെര്‍ളി തോമസിന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗ്‌ ആണ് ആദ്യം വായിച്ചതു. പിന്നീടു ശ്രീമാന്‍ സുനീഷ് തോമസിന്റെ ഭരണങ്ങനവും ഞാനും എന്ന ബ്ലോഗും അതില്‍നിന്നും കുറുമാന്‍ കഥകള്‍,കൊച്ചുത്രേസ്യയുടെ ലോകം മുതലായ ബ്ലോഗുകള്‍ പരിചയപെട്ടു. പിന്നീടാണ് ശ്രീമാന്‍ മനോജ്‌ രവീന്ദ്രന്റെ യാത്ര ബ്ലോഗ്‌ പരിചയപെട്ടത്‌. ഒരു പുതിയ അനുഭവമായിരുന്നു അത്. യാത്രകള്‍ ഒരുഒടിഷ്ടപെടുന്ന എനിക്ക് അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും വ്യെത്യസ്തങ്ങളായ ഓരോ അനുഭവങ്ങളായിരുന്നു. അതില്‍ നിന്നാണ് ഒരു ബ്ലോഗ്‌ എഴുതണം എന്ന മോഹം കലശലായത്. ഇപ്പോള്‍ ഞാന്‍ എന്റെ ചെറിയ ചെറിയ യാത്രകളുടെ കുറിപ്പുകളുമായി നിങ്ങളുടെ മുന്‍പില്‍ വരുകയാണ്. ഇഷ്ടപെട്ടാല്‍ ഒരുപാടു സന്തോഷം. അല്ല ഇതോരക്രമമാണ് എന്നാനഭിപ്രയമെങ്കില്‍ അതിനു ഉത്തരവാദികള്‍, ബ്ലോഗിങ് വായന ജീവിതത്തിന്റെ ഭാഗമാക്കിയ ശ്രീമാന്‍ ബെര്‍ളിയും ശ്രീമാന്‍ മനോജ്‌ രവീന്ദ്രനുമാണ്

    ReplyDelete
  3. ബ്ലോഗ്ഗിലേക്ക്‌ സ്വാഗതം ..ആദ്യ പോസ്റ്റും കൊള്ളാം .കൂടുതല്‍ യാത്രാ വിവരണങ്ങള്‍ പോരട്ടെ.
    ഈ വേര്‍ഡ് വേരിഫയറും എടുത്തു കളയുമല്ലോ .

    ReplyDelete
  4. നന്നായി എഴുതി.ചിത്രങ്ങള്‍ കുറച്ച് കൂടി ചേര്‍ക്കാം.പുതിയ പുതിയ കാഴ്ചകളുമായി വീണ്ടും വരൂ....

    ReplyDelete
  5. നിരക്ഷരന്‍ : വായനക്കും അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. മനോജ്‌ രവീന്ദ്രന്‍ ആരനന്നു എനിക്കറിയില്ല. ആരാണോ എന്തോ ?
    അഫ്രികാന്‍ മല്ലു : വായനക്കും അഭിപ്രായത്തിനും നന്ദി. വേര്‍ഡ് വേരിഫയര്‍ മാറ്റിയിട്ടുണ്ട്.
    കൃഷ്ണകുമാര്‍ : വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  6. നന്ദി ജയരാജ്‌ . വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  7. തുടക്കം തുടങ്ങേണ്ടയിടത്ത് തന്നെ തുടങ്ങിയിരിക്കുന്നൂ...!

    ReplyDelete
  8. മുരളിയേട്ടാ നന്ദി വായനക്കും അഭിപ്രായത്തിനും നന്ദി

    സജീവ്‌

    ReplyDelete
  9. ഈ ബ്ലോഗ് നന്നായിട്ടുണ്ട് ഞാൻ നാളെ മൂകാംബികക്ക് പുറപ്പെടുകയാണ് തിരുവോണത്തിന് ക്ഷേത്രദർശനം നടത്തണം ആദ്യമായിട്ടാണ് പോകുന്നത്, ഞാൻ ക്ഷേത്ര ദർശനം മിക്കവാറും ഒറ്റക്കാണ് നടത്താറ് അതാണ് എനിക്ക് ഇഷട്ടം നാളത്തെ എന്റെ യാത്രയും ഒറ്റക്കാണ് കൊല്ലത്ത് നിന്ന് 10.40 ന് നേത്രാവതിയിൽ കേറിയാൽ വെളുപ്പിന് 2.15 ന് മൂകാംബികാ റോഡ് സ്റ്റേഷനിൽ എത്തും അവിടന്ന് ഷെയർ ടാക്സി കിട്ടുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ബ്ലോഗിൽ പറഞ്ഞ പ്രകാരം 8 മണി തൊട്ടാണ് ബസ്സ് സ്റ്റേഷനിൽ നിന്നും ബസ്സുള്ളത്.കുടജാദ്രിയിലും പോകണം ഒക്കുമെങ്കിൽ നൂം വാടക കുറവാണങ്കിൽ മൂകാംബികയിൽ ഒരു ദിവസം തങ്ങണം... പോയി പരിചയമുള്ളവരുടെ വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

    ReplyDelete