Sunday 19 June 2011

മുരുദ്വേശ്വര്

മൂകാംബിക ദേവിയുടെ സവിധത്തില്‍ നിന്നുമാണ് ഞങ്ങള്‍ മുരുദ്വേശ്വര് യാത്ര തുടങ്ങിയത്. പലപ്പോഴായി കേട്ടിട്ടുള്ള മുരുദ്വേശ്വര് വിശേഷങ്ങള്‍ ആണ് ഈ യാത്രക്ക് പ്രചോദനം നല്‍കിയത്. മൂകാംബികയില്‍ നിന്നും സകുടുംബം, ഒരു ട്രാവല്‍ ഏജന്‍സി ഏര്‍പാടാക്കി തന്ന ഇന്നോവ കാറിലായിരുന്നു ഞങ്ങള്‍ പോയത്. കൊല്ലൂരില്‍ നിന്നും മുരുദ്വേശ്വര് വരെ പോയി ഏകദേശം മൂന്ന് മണിക്കൂര്‍ അവിടെ നിര്‍ത്തി തിരിച്ചു കൊല്ലൂര്‍ വരെ കൊണ്ടുപോകാന്‍ ആയിരത്തി നാനൂറു രൂപയാണ് അവര്‍ ഈടാക്കുന്നത്.

കര്‍ണാടകത്തിലെ ഉത്തര കന്നഡ ജില്ലയിലെ ഭട്ട്കല്‍ താലൂക്കില്‍ ആണ് മൂന്ന് വശവും അറബികടലിനാല്‍ ചുറ്റപ്പെട്ട മുരുദ്വേശ്വര് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ തന്നെ, രണ്ടാമത്തെ  ഉയരമുള്ള ശിവ പ്രതിമയും, ഏറ്റവും ഉയരമുള്ള  ഒരു ക്ഷേത്ര ഗോപുരവും ആണ് മുരുദ്വേശ്വര് എന്ന ഗ്രാമത്തിന്റെ മുഖ്യ ആകര്‍ഷണം. 123 അടി ഉയരമുണ്ട് ഈ ശിവ പ്രതിമയ്ക്ക്. ക്ഷേത്ര ഗോപുരതിനാകട്ടെ 249 അടി ഉയരമാണുള്ളത്. (ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണ്‌. 143 അടി ഉയരമുണ്ട് അതിനു.) മൂന്നു വശവും  അറബിക്കടലിനാല്‍ ചുറ്റപെട്ട ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ഭീമാകാരമായ ഈ ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്.


ഈ വിനോദസഞ്ചാര കേന്ദ്രത്തെ പൂര്‍ണമായും മനസിലാക്കാന്‍ ആദ്യം ശ്രീമാന്‍ R N ഷെട്ടി എന്ന ഒരു വ്യവസായ പ്രമുഖനെ പരിചയപ്പെടണം. മുരുദ്വേശ്വര് ക്ഷേത്രത്തിലെ ഒരു ജോലിക്കാരന്റെ മകനായി ജനിച്ച ഇദ്ദേഹം പിന്നീട് അറിയപെടുന്ന ഒരു വ്യവസായി ആയി. തന്റെ ഗ്രാമത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ച ഇദ്ദേഹം ഏകദേശം അഞ്ചു കോടി രൂപ ചെലവഴിച്ചു നിര്‍മിച്ചതാണ് ഈ ഉമാകാന്തന്റെ പ്രതിമ. ഏകദേശം രണ്ടു വര്‍ഷമെടുത്തു ഇതിന്റെ നിര്‍മാണത്തിന്. കാശിനാഥ് എന്ന ശില്പിയാണ് ഈ പ്രതിമയുടെ നിര്‍മാണ ചുമതല വഹിച്ചത്. ഇന്ന് ആയിരങ്ങള്‍ ദിനം പ്രതി ഈ ഗ്രാമം സന്ദര്‍ശിക്കുന്നു. ആരും അറിയപെടാതിരുന്ന  ഈ ഗ്രാമം ഇന്ന് ഒരു പ്രമുഖ വിനോദ സഞ്ചര കേന്ദ്രമാണ് എങ്കില്‍ അതിനു നന്ദി പറയേണ്ടത് ശ്രീമാന്‍ R N ഷെട്ടിയോട് തന്നെ.

 കൊല്ലൂരില്‍ നിന്നും ഏകദേശം മൂന്നു മണിയോടെ ഞങ്ങള്‍ യാത്ര തുടങ്ങി. മൂകാംബികയില്‍ നിന്നും ഏകദേശം 70  കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. കൊല്ലൂര്‍ വരുന്ന പകുതി ജനങ്ങളും മുരുദ്വേശ്വര് സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രധാനപെട്ട ഒരു വിനോദ സഞ്ചര കേന്ദ്രം തന്നെയാണ് മുരുദ്വേശ്വര്. ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര വേണം കൊല്ലൂര്‍ നിന്നും മുരുദ്വേശ്വര് വരെ പോകാന്‍. ഭട്ട്കല്‍ പട്ടണം കഴിഞ്ഞ ഉടന്‍ തന്നെ R.N‍. ഷെട്ടിയുടെ ആശുപത്രിയും  മറ്റ് കെട്ടിടങ്ങളും കാണാന്‍ തുടങ്ങും. അകലെ നിന്ന് തന്നെ മുക്കണ്ണന്റെ പ്രതിമ മരങ്ങള്‍ക്കിടയിലൂടെ കാണാന്‍ സാധിക്കും. മുരുദ്വേശ്വര് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏകദേശം പത്തു മിനിട്ട് നടക്കുവാനുള്ള ദൂരമേ ഉള്ളൂ ഇങ്ങോട്ടേക്ക്. അല്ലെങ്കില്‍ 15 കിലോമീറ്റര്‍ അകലെ ഉള്ള ഭട്ട്കല്‍ സ്റ്റേഷനില്‍ നിന്നും ബസ്‌ സര്‍വിസും ഉണ്ട്.മുരുദ്വേശ്വര് റെയില്‍വേ സ്റ്റേഷനില്‍ കുറച്ചു ട്രെയിനുകള്‍ മാത്രമേ നിര്തുകയുള്ളൂ. എന്നാല്‍ മിക്കവാറും ട്രെയിനുകള്‍ ഭട്ട്കല്‍ സ്റ്റേഷനില്‍ നിര്‍ത്തും. ഏകദേശം നാലര മണിയോടെ ഞങ്ങള്‍ മുരുദ്വേശ്വര് എത്തി ചേര്‍ന്നു

ആദ്യം മുരുദ്വേശ്വര ക്ഷേത്രതിലെക്കാന് ഞങ്ങള്‍ ചെന്നത്. മനോഹരമായ ശില്‍പ്പ വേലകള്‍  കൊണ്ട് സമ്പന്നമായ ഒരു ക്ഷേത്രം.


  തൊഴുതു കഴിഞ്ഞ് ഒന്ന് വലതു വച്ചു. ശ്രീകോവിലിനു ചുറ്റിലുമായി മനോഹരമായ ചെറിയ ചില പ്രതിമകള്‍ കണ്ടു. സ്വര്‍ണവര്‍ണത്തിലുള്ളവയാണ് ഈ ചെറിയ പ്രതിമകള്‍.





 പിന്നീട് ഞങ്ങള്‍ പോയത് ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന ആ രാജഗോപുരം കാണാനായിരുന്നു.



 ഗോപുരതിനിരുവശവും മനോഹരമായ രണ്ടു ആനകളുടെ പ്രതിമകള്‍. ഗോപുരത്തിന് മുകളിലേക്ക് പോകുവാന്‍ ലിഫ്റ്റ്‌ സൌകര്യമുണ്ട്. ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ മുകളിലേക്ക് കയറി. ഏറ്റവും മുകളില്‍ എല്ലാ വശങ്ങളിലും
ചെറിയ ജനാലകള്‍ ഉണ്ട്. ആദ്യ ജനാലയിലൂടെ നോക്കിയാല്‍ മുരുദ്വേശ്വര സമുദ്രത്തിന്റെ  മനോഹരമായ ദൂര വീക്ഷണം കിട്ടും.


 തിളയ്ക്കുന്ന വെയിലില്‍ തിളങ്ങി നില്‍ക്കുന്ന കടല്പ്പരപ്പ് എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാം. ഫോട്ടോ എടുക്കുവാനായി സഞ്ചാരികളുടെ നല്ല തിരക്ക്. ഒരുപാടു സമയം അവിടെ നില്‍ക്കാനാവില്ല. പുതിയ പുതിയ സഞ്ചാരികള്‍ വന്നുകൊണ്ടേ ഇരിക്കുന്നു. രണ്ടാമത്തെ ജനാലയിലൂടെ
 മഹേശ്വര ശില്പത്തിന്റെ മനോഹരമായ കാഴ്ച ലഭിക്കുന്നു.


 മൂന്നാമത്തെ ജനാലയിലൂടെ ആ ഗ്രാമത്തിന്റെ ഒരു മൊത്ത കാഴ്ച കാണാം. എനിക്കും കുറച്ചു ഫോട്ടോകള്‍ എടുക്കാന്‍ സാധിച്ചു.



 ലിഫ്റ്റില്‍ താഴേക്കിറങ്ങിയ ഞങ്ങള്‍ മഹേശ്വരന്റെ പ്രതിമ ലക്ഷ്യമാക്കി നടന്നു. തിളയ്ക്കുന്ന വെയിലില്‍ തിളങ്ങുന്ന മഹേശ്വര പ്രതിമ. വളരെ അടുത്തുനിന്നു നോക്കുമ്പോള്‍ മാത്രമാണ് അതിന്റെ ഭീമാകാരത്വം മനസിലാകുന്നത്. ശിവപ്രതിമക്കു തൊട്ടു മുന്‍പില്‍ തന്നെ നന്ദിയുടെ മറ്റൊരു പ്രതിമ ഉണ്ട്. ചുറ്റിലുമായി മറ്റനവധി ജീവസ്സുറ്റ ശില്‍പ്പങ്ങള്‍. സൂര്യ ഭഗവാന്റെയും, ഗീതോപദേശത്തിന്റെയും  ശില്‍പങ്ങള്‍ വളരെ മനോഹരമാണ്.









ഭീമാകാരമായ ‍ മഹേശ്വരപ്രതിമയുടെ കീഴ്ഭാഗം ഒരു മ്യൂസിയമാണ്. പ്രവേശന ടിക്കറ്റ്‌ എടുത്തു ഞങ്ങള്‍ അതിലേക്കു കയറി.മുഴുവനായും ശീതീകരിച്ച ഒരു വലിയ മ്യുസിയം. ഇതില്‍ നിറയെ ശില്പങ്ങള്‍ ആണ്.
വിവിധ തരത്തിലും ഭാവത്തിലും ഉള്ള നിരവധി  പ്രതിമകള്‍. കൂടുതലും രാവണപ്രതിമകള്‍ ആണ്. തലകള്‍ അറുത്തു എറിയുന്ന രാവണന്‍, ഒറ്റ കാലില്‍ തപസു ചെയ്യുന്ന രാവണന്‍, ആത്മലിംഗം കൈമാറുന്ന രാവണന്‍ ഇങ്ങനെ രാവണ ശില്പ്പങ്ങളാല്‍ സമ്പന്നമായ  മ്യുസിയത്തില്‍ കന്നഡ ഭാഷയില്‍ വിവരണങ്ങളും ഉണ്ട്. കന്നഡ ഭാഷ മനസിലായില്ലെങ്കിലും പുരാണകഥകള്‍ അറിയുന്നവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല.അമരത്വതിനു വേണ്ടി തപസു ചെയ്ത രാവണന്‍ സംപ്രീതനായ ശിവഭാഗവാനോട് ആത്മ ലിംഗം ചോദിക്കുന്നതും അവസരോചിതമായ ചതിപ്രയോഗത്തിലൂടെ ഗണപതി ഭഗവന്‍ അത് നിഷ്ഫലമാക്കുന്നതും എല്ലാം വളരെ മനോഹരമായി ശില്പങ്ങളിലൂടെ പറഞ്ഞിരിക്കുന്നു.








  ശില്പങ്ങള്‍ കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി. തൊട്ടടുത്ത്‌ തന്നെ R N ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഗെസ്റ്റ് ഹൌസ് കാണാം. താഴെ വളരെ മനോഹരമായ ഒരു ബീച് ഹോട്ടല്‍ ഉണ്ട്. സായം കാലത്തേ ഇളവെയിലില്‍ കടല്തിരകളുടെ സംഗീതം ശ്രവിച്ചു, കടല്കാറ്റ് കൊണ്ട് ഒരു കപ്പു കാപ്പി കുടിക്കുന്നത് ഹൃദ്യമായ ഒരു അനുഭവം തന്നെ. ഭക്ഷണശേഷം ഞങ്ങള്‍ കടല്‍ക്കരയിലേക്ക്‌ നീങ്ങി. മറ്റു കടല്ക്കരകളില്‍ നിന്നും, തീരെ രൌദ്രഭവമില്ലാത്ത തിരകളും ആഴക്കുറവും ഈ കടല്ക്കരയെ വ്യെത്യസ്തമാക്കുന്നു. വൃത്തി കുറഞ്ഞ മണ്ണാണ് ഇവിടെ എങ്കിലും തിരക്കിനു യാതൊരു കുറവും ഇല്ല. കടലിലൂടെ ഉള്ള ബോട്ടിംഗ് ആണ് ഇവിടെ പ്രധാന വിനോദോപാധി.
വാട്ടര്‍ സ്കൂട്ടെര്‍ , സ്പീഡ് ബോട്ട് മുതലായവയും ഇവിടെ ഉണ്ട്.പലതരത്തിലുള്ള ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. പൊതുവെ ജലഭയം കൂടുതല്‍ ഉള്ള ഞാന്‍ ഏറ്റവും വലിയ ബോട്ട് തിരഞ്ഞെടുത്തു. ഏകദേശം അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ബോട്ട് സവാരി ശെരിക്കും ആസ്വദിക്കാന്‍ കഴിഞ്ഞു. (കടല്‍ യാത്രകള്‍ നടത്തുന്ന വലിയ യാത്രികര്‍ക്കൊന്നും ഈ ബോട്ട് യാത്ര രസിക്കണമെന്നില്ല. എങ്കിലും മീനച്ചിലാറും കുന്തിപുഴയും മാത്രം കണ്ടു ശീലമുള്ള എന്നെ സംബന്ധിച്ചിടത്തോളം വളരെ ആസ്വദ്യവും അതേസമയം ത്രസിപ്പിക്കുന്നതും ഭയപെടുതുന്നതും ആയിരുന്നു ഈ ബോട്ട് യാത്ര. ) എന്നാല്‍ തീരെ ആഴം കുറഞ്ഞ ഇവിടെ കടലില്‍ ഇറങ്ങി കുളിക്കാന്‍ ഒട്ടും ഭയം തോന്നിയില്ല.


അപ്പോഴേക്കും ഇരുട്ട് വീണു കഴിഞ്ഞിരുന്നു. വസ്ത്രം മാറി ഞങ്ങള്‍ കടല്‍ക്കരയില്‍ നിന്നും വീണ്ടും രാജഗോപുരത്തിന്റെ നടയിലേക്കു മടങ്ങി. ലേസര്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന വശ്യമായ രാജഗോപുരത്തിനു ചുവട്ടില്‍ കുറച്ചു വിശ്രമിച്ചതിനു ശേഷം ഞങ്ങള്‍ മടങ്ങി. മടങ്ങുമ്പോള്‍ കാറില്‍ നിന്ന് തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ ദീപ്തിയില്‍ കുളിച്ചു നില്‍ക്കുന്ന ശങ്കരവദനം അപ്പോഴും ശാന്തമായിരുന്നു.

17 comments:

  1. മുരുദ്വേശ്വര് യാത്രയുടെ വിശേഷങ്ങള്‍. എത്രത്തോളം നന്നായിട്ടുണ്ട് എന്നറിയില്ല

    സജീവ്‌

    ReplyDelete
  2. വർണ്ണനകളാലും,പടങ്ങളാലും മനോഹരമായിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete
  3. മുരളിയേട്ടാ നന്ദി വായനക്കും അഭിപ്രായത്തിനും നന്ദി

    സജീവ്‌

    ReplyDelete
  4. നല്ല വിവരണം...
    ഇഷ്ട്ടപ്പെട്ടു..
    പടങ്ങളും നന്നായിട്ടുണ്ട്..
    ഇനിയും എഴുതൂ..
    വീണ്ടും കാണാം.
    ആശംസകള്‍...!

    ReplyDelete
  5. നല്ല വിവരണം ,നല്ല ചിത്രങ്ങള്‍ .ഇവിടെ എന്തായാലും പോവാന്‍ തിരുമാനിച്ചു .

    ReplyDelete
  6. പ്രഭ്ന്‍ കൃഷ്ണന്‍ : വായനക്കും അഭിപ്രായത്തിനും നന്ദി.

    മല്ലു : പോയാല്‍ തീര്‍ച്ചയായും നിരാശപെടില്ല. ഉറപ്പ്. പിന്നെ വന്നതിനും വായിച്ചതിനും അഭിപ്രയപെട്ടതിനും പെരുത്ത്‌ നന്ദി

    സജീവ്‌

    ReplyDelete
  7. പ്രിയപ്പെട്ട സജീവ്‌,
    ഈ മനോഹരമായ സുപ്രഭാതത്തില്‍ താങ്കളുടെ ബ്ലോഗില്‍ എത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം!ഞാന്‍ ഒന്നില്‍ കൂടുതല്‍ തവണ പോയിട്ടുള്ള ക്ഷേത്രങ്ങള്‍ ആണ് മൂകാംബികയുംമുരുദ്വേശ്വര് അമ്പലവും ഗോകര്നവും !
    തിരമാലകളെ തോറ്റു തഴുകിയ ഈ ഗോപുരത്തിന് മുകളില്‍ കയറിയിട്ടില്ല.ഫോട്ടോസ് അതി മനോഹരം.....തീവണ്ടിയില്‍ പോകുമ്പോള്‍ വളരെ ദൂരെ നിന്നു തന്നെ നമുക്ക് ശിവന്റെ ഈ കൂറ്റന്‍ പ്രതിമ കാണാന്‍ സാധിക്കും!അമ്പലത്തിലെ അന്ന ദാനത്തില്‍ പങ്കെടുതില്ലേ?
    സജീവിന്റെ പോസ്റ്റ്‌ വായിക്കുമ്പോള്‍ പ്രസിദ്ധമായ ഈ അമ്പലത്തില്‍ ദര്‍ശനം നടത്തിയ പോലെ തോന്നും!അഭിനന്ദനങ്ങള്‍...
    അടുത്ത തവണ ഗോകര്‍ണം ക്ഷേത്രത്തിലും പോകണം കേട്ടോ...പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണ് ലഭിക്കുക...
    അമ്മക്ക് ഈ ഫോട്ടോസ് കാണിച്ചു കൊടുക്കാന്‍ സാധിച്ചതില്‍ വളരെ നന്ദി.....ശംഭോ മഹാദേവ!
    ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  8. നന്ദി അനുപമ വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. ഗോകര്ണന്‍ പോകണം എന്നുണ്ട്.

    ReplyDelete
  9. ഒരിക്കൽ പോയിട്ടുണ്ട്. മറ്റൊരാളുടെ വീക്ഷണ കോണിലൂടെ കാണാൻ പ്രത്യേക രസമുണ്ട്. നന്ദി സജീവ്.

    ReplyDelete
  10. നന്ദി മനോജ്‌. താങ്കള്‍ പോയിട്ടുണ്ട് എന്നറിയാം. താങ്കളുടെ യാത്ര വിവരണം തന്നെയാണ് പല യാത്രകളുടെയും എന്റെ മാര്‍ഗരേഖ. വായനക്കും അഭിപ്രായത്തിനും പെരുത്ത്‌ നന്ദി

    ReplyDelete
  11. chithrangalum, vivaranavum manoharamayittundu....... aashamsakal..........

    ReplyDelete
  12. നന്ദി ജയരാജ്‌. വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

    ReplyDelete
  13. ഞാൻ പോയപ്പോൾ കാണാതിരുന്ന ചില കാഴ്ചകൾ ഇതിലൂടെ കാണാൻ സാധിച്ചു. നന്ദി.

    ReplyDelete
  14. നന്ദി കുമാരന്‍ വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

    ReplyDelete
  15. ഒരിക്കൽ പോയിട്ടുണ്ട് മുർഡേശ്വറിൽ...വളരെ പ്രശാന്തമായ ഒരു ബീച്ച് ആണവിടെ..ഹോട്ടൽറൂമുകൾ കടലിലേക്ക് തള്ളിനില്ക്കുന്നതു പോലെ ..പക്ഷെ ആ ശിവന്‌ ഒരു “ലുക്ക്” ഇല്ല എന്നാണ്‌ എന്റെ അഭിപ്രായം.

    പിന്നെ മുരുദേശ്വർ എന്നാണോ ? മുർഡേശ്വർ എന്നല്ലേ ?

    ReplyDelete
  16. പഥികന്‍ വായനക്കും അഭിപ്രായത്തിനും നന്ദി. (രണ്ടു രീതിയിലും പറയാം. തെറ്റില്ല)

    ReplyDelete